അടുത്ത വര്‍ഷത്തെ ഒഴിവുകള്‍ 30നകം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍

 


തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ഒഴിവുകള്‍ നവംബര്‍ 30നകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ സര്‍ക്കുലര്‍.

2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ വിവിധ തസ്തികകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ ആണ് ഈ മാസത്തിനകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.


ഒഴിവുകള്‍ നവംബര്‍ 30നകം പി.എസ്.സിയെ അറിയിക്കുകയും തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനും ഡിസംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഒഴിവുകള്‍ പ്രതീക്ഷിക്കുന്നില്ലെങ്കില്‍ ‘ഒഴിവുകളില്ല’ എന്നും അറിയിക്കണം. വകുപ്പിലും തങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് വകുപ്പ് സെക്രട്ടറിമാര്‍ പരിശോധിക്കണം.


സംസ്ഥാനതല തിരഞ്ഞെടുപ്പ് നടക്കുന്ന തസ്തികകളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ വകുപ്പ് അധ്യക്ഷനായിരിക്കണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ജില്ലാതല തിരഞ്ഞെടുപ്പ് നടക്കുന്ന തസ്തികയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന്‍ വിരമിക്കുന്ന സമയത്ത്, ഏത് ജില്ലയിലാണ് എന്‍ട്രി കേഡര്‍ തസ്തികയില്‍ ഒഴിവുണ്ടാകുകയെന്ന് കണക്കാക്കി വകുപ്പ് മേധാവി ജില്ലാ ഓഫീസറെ അറിയിക്കണം. ജില്ലാ ഓഫീസര്‍ ഇക്കാര്യം പി.എസ്.സിയെ അറിയിക്കണം.

Post a Comment

Previous Post Next Post