പത്ത് ലക്ഷം അക്കൗണ്ടുകള്‍ അപകടത്തില്‍, ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക്



ആപ്പിളിന്റേയും ആല്‍ഫബെറ്റിന്റെയും സോഫ്റ്റ് വെയര്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫെയ്‌സ്ബുക്ക്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.


ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫെയ്‌സ്ബുക്ക് വെള്ളിയാഴ്ച പറഞ്ഞു. ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് അറിയിച്ചു. ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നീ പേരുകളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.


പ്രശ്‌നക്കാരായ 400 ആപ്പുകളില്‍ 45 എണ്ണം നീക്കം ചെയ്തതായി ആപ്പിള്‍ അറിയിച്ചു. അതേസമയം 400 ആപ്ലിക്കേഷനുകളും ഗൂഗിള്‍ നീക്കം ചെയ്തു. ഇത്തരം ആപ്ലിക്കേഷനുകളുടെ ജനപ്രീതി സൈബര്‍ കുറ്റവാളികള്‍ക്ക് നന്നായറിയാം. ആ മാതൃക അനുകരിച്ച് അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കുന്നതിനായി അവര്‍ ആളുകളെ കബളിപ്പിക്കുകയാണ്.


മെറ്റയുടെ ഗ്ലോബല്‍ ത്രെട്ട് ഡിസ്‌റപ്ഷന്‍ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച് പറഞ്ഞു. മറ്റൊരു പ്ലാറ്റ്‌ഫോമിന് വേണ്ടിയോ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയോ ഉള്ള റിലീസ് ചെയ്യാത്ത ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതരം ആപ്ലിക്കേഷനുകളാണെങ്കില്‍ അപകടം ഉറപ്പിക്കാം അദ്ദേഹം പറഞ്ഞു.


അപകടകാരികളായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇതുവഴി ഉപഭോക്താക്കള്‍ അവരുടെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. ഇതുവഴി ഉപഭോക്താവ് അറിയാതെ അവരുടെ അക്കൗണ്ട് അപകടത്തിലാവും.



Post a Comment

Previous Post Next Post