തിരുവനന്തപുരം: പാറശാലയില്‍ വിഷം ഉള്ളിൽ ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. പെണ്‍സുഹൃത്ത് നല്കിയ പാനീയം കഴിച്ചതാണ് മരണകാരണമെന്നാണ് ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന് ഷാരോണ്‍രാജ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍രാജ് കഴിഞ്ഞ 14ന് സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടി നല്കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.
തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതായി ബോധ്യപ്പെട്ടു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനിടെ ഇയാള്‍ക്ക് അഞ്ചു തവണ ഡയാലിസിസ് നടത്തി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തില്‍ യുവാവിന്റെ പിതാവ് പാറശാല പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാണ് ആരോപണം. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
യുവാവും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹ ആലോചന വന്നതോടെ ബന്ധത്തില്‍ വിള്ളലുണ്ടായതായി കുടുംബാംഗങ്ങള്‍ പറയുന്നു. പെണ്‍കുട്ടി ഇയാളെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നാണ് സൂചന.
കഴിഞ്ഞ ഓഗസ്റ്റ് 24ന് സഹപാഠി നല്കിയ പാനീയ കഴിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിയും സമാനരീതിയില്‍ മരിച്ചിരുന്നു. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന് അശ്വിന് (11) ആണ് മരിച്ചത്.
ഇരുവൃക്കകളും തകരാറിലായ കുട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

Post a Comment