തണലും തണുപ്പുമേറ്റ് വിശ്രമിക്കാന്‍ പുഴയോട് ചേര്‍ന്നൊരിടം; സന്ദര്‍ശകരെ ആകര്‍ഷിച്ച് കണ്ണൂര്‍ ഇരിട്ടിയിലെ ഇക്കോ പാര്‍ക്ക്
തണലും തണുപ്പുമേറ്റ് വിശ്രമിക്കാന്‍ പുഴയോട് ചേര്‍ന്നൊരിടം. കണ്ണൂര്‍ ഇരിട്ടി പെരുമ്ബറമ്ബിലെ ഇക്കോ പാര്‍ക്കിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതും ഇതുതന്നെയാണ്.
പായം ഗ്രാമപഞ്ചായത്ത്, പെരുമ്ബറമ്ബ് ഗ്രാമഹരിത സമിതി, കേരള വനം വന്യജീവി വകുപ്പ് എന്നിവ ചേര്‍ന്ന് ഒരുക്കിയ പാര്‍ക്ക് ഇപ്പോള്‍ കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഇരിട്ടി പുഴയോട് ചേര്‍ന്ന് വനംവകുപ്പിന്റെ കൈവശമുള്ള 10.5 ഏക്കറില്‍ വിനോദ സഞ്ചാരവും ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് 4.5 ഏക്കറാണ് ഇക്കോ പാര്‍ക്കാക്കി മാറ്റിയത്.
ബാക്കി സ്ഥലം ട്രക്കിങ്ങിനായി ഒരുക്കി. മരങ്ങള്‍ നിലനിര്‍ത്തിയും പുതിയ ചെടികള്‍ വെച്ചുപിടിപ്പിച്ചുമാണ് പാര്‍ക്ക് ഒരുക്കിയത്. ഇരിപ്പിടങ്ങള്‍, ഊഞ്ഞാല്‍, വിവിധ ശില്‍പങ്ങള്‍, മത്സ്യക്കുളം തുടങ്ങിയവയും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ബോട്ടിങ്, ചൂണ്ടയിടാനുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ഏറുമാടം, മിനി ഹോട്ടല്‍, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവയും സജ്ജീകരിക്കും. വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണീ പ്രദേശം.
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവേശന സമയം. പുഴയോട് ചേര്‍ന്ന സ്ഥലമായതിനാല്‍ ജല ടൂറിസത്തിനുള്ള സാധ്യതയും ഏറെയാണ്. ബോട്ടിങ് സംവിധാനം ഒരുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

Post a Comment