അന്താരാഷ്ട്ര ബാഡ്മിന്റന്‍ താരവും മലയാളിയുമായ എച് എസ് പ്രണോയ് വിവാഹിതനായി; വധു ശ്വേത

 


തിരുവനന്തപുരം:  അന്താരാഷ്ട്ര ബാഡ്മിന്റന്‍ താരവും മലയാളിയുമായ എച് എസ് പ്രണോയ് വിവാഹിതനായി.

തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകള്‍ ശ്വേതയാണ് വധു. ബെംഗ്ലൂറിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ശ്വേത. തിരുവനന്തപുരം ആക്കുളത്ത് സുനില്‍ കുമാര്‍-ഹസീന ദമ്ബതികളുടെ മകനാണ് പ്രണോയ്.

ദീര്‍ഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇപ്പോള്‍ വിവാഹത്തിലെത്തിയത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ് രെജിസ്ട്രാര്‍ ഓഫിസില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് അരീനയില്‍ വൈകീട്ട് അഞ്ചുമണി മുതല്‍ വിവാഹസല്‍കാരം നടക്കും.

ബാഡ്മിന്റന്‍ ടൂര്‍ സീരീസ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക റാങ്കിങ്ങില്‍ രണ്ടു പടവുകയറി പ്രണോയ് 16-ാം സ്ഥാനത്തെത്തിയിട്ടുമുണ്ട്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലെ പ്രണോയ് യുടെ ഏറ്റവും മികച്ച റാങ്കാണിത്. ബാഡ്മിന്റനില്‍ മികച്ച നേട്ടം കൈവരിച്ച ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിലായിരുന്നു പ്രണോയ്. അത് സാധിച്ചതിലെ സന്തോഷത്തിലാണ് ഇപ്പോള്‍ വിവാഹിതനാകാനുള്ള തീരുമാനം.

Post a Comment

Previous Post Next Post