ആധാരം വിലകുറച്ച്‌ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണികിട്ടും; ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍

 


തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സമഗ്രമായ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.

കുറഞ്ഞ വിലയില്‍ രജിസ്റ്റര്‍ ചെയ്തവ ഉള്‍പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സര്‍ക്കാരിനുണ്ടായ നഷ്ടം കൈവശക്കാരില്‍ നിന്ന് ഈടാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും കുറഞ്ഞ വിലയ്ക്കാണ് ആധാരം രജിസ്റ്റര്‍ ചെയ്തതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. ഇതേ തുടര്‍ന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനായി ഇന്‍റേണല്‍ ഓഡിറ്റ് മാനുവല്‍ അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

ഓഡിറ്റ് വിഭാഗം ജില്ലാ രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓഡിറ്റ് നടത്തും. കുറഞ്ഞ വിലയ്ക്ക് ആധാരം രജിസ്റ്റര്‍ ചെയ്താല്‍ സ്വമേധയാ നടപടിയെടുക്കാനാണ് തീരുമാനം. സര്‍ക്കാരിനുണ്ടായ നഷ്ടം ഭൂമിയുടെ കൈവശക്കാരില്‍ നിന്ന് ഈടാക്കും. ഈ നഷ്ടം സബ് രജിസ്ട്രാറുടെ ബാധ്യതയായി കണക്കാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവര്‍ക്ക് മെമ്മോ നല്‍കിയ ശേഷം നടപടി സ്വീകരിക്കും.

Post a Comment

Previous Post Next Post