ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം: മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു

 


കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു.


കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീന്‍, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്‌. അനീഷ് ഖാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്‍കി. പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറഞ്ഞു.

എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളാണ് കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവര്‍ അടിച്ചു തകര്‍ത്തുവെന്നാണ് കടയുടമയുടെ ആരോപണം.സംഭവത്തില്‍ കടയുടമ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സാധനങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാന്‍ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് നല്‍കുന്ന മറുപടി.

Post a Comment

Previous Post Next Post