കണ്ണൂര്‍ : കൊവിഡ് കാലത്തിന് ശേഷം സജീവമായ ജില്ലയിലെ കുടുംബശ്രീ ഓണച്ചന്തകളില്‍ ഇക്കുറി റെക്കോഡ് വിറ്റുവരവ്.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടന്ന വിപണന മേളയില്‍ 1.25 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ജില്ലയിലെ 81 കുടുംബശ്രീ സി ഡി എസ് പരിധിയിലെ 102 കേന്ദ്രങ്ങളിലാണ് ഇത്തവണ ഓണം വിപണന മേള നടന്നത്.
ജില്ലയില്‍ ഓണം മേളകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ശരാശരി 60-75 ലക്ഷം രൂപ വരെയായിരുന്നു ഇതുവരെയുള്ള ഓണക്കാല വിറ്റുവരവ്. കുടുംബശ്രീ ഓണ വിപണന മേളയില്‍ ആദ്യമായാണ് ഒരു കോടിയലധികം രൂപയുടെ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസ് പരിധിയിലുള്‍പ്പെടുന്ന 2766 സംരംഭകരാണ് ഇത്തവണത്തെ വിപണന മേളകളില്‍ പങ്കെടുത്തത്.
കുടുംബശ്രീയുടെ വിവിധ സൂക്ഷ്മ സംരംഭ ഗ്രൂപ്പുകളുടെ ഉല്പന്നങ്ങള്‍ക്കും ജെഎല്‍ജി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മേളയില്‍ 5.54 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കുറുമാത്തൂര്‍ ഗാമപഞ്ചായത്ത് സിഡിഎസ് ഒന്നാംസ്ഥാനം നേടി. 5.23 ലക്ഷം രൂപ വിറ്റുവരവ് നേടിയ പയ്യന്നൂര്‍ നഗരസഭ സിഡിഎസ് രണ്ടാം സ്ഥാനവും 4.91 ലക്ഷം രൂപ നേടി കുത്തുപ്പറമ്ബ് നഗരസഭ സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പന്ന്യന്നൂര്‍, ശ്രീകണ്ഠപുരം, മട്ടന്നൂര്‍, പാനൂര്‍, പാട്യം, മാങ്ങാട്ടിടം, കണ്ണൂര്‍ കോര്‍പ്പറേഷന്‍, വളപ്പട്ടണം എന്നീ സിഡിഎസുകളാണ് ഇത്തവണ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ വന്നത്. മേളയില്‍ ഏറ്റവും കൂടുതല്‍ സംരംഭകരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് പാട്യം, കുറുമാത്തൂര്‍, മാങ്ങാട്ടിടം സിഡിഎസുകളാണ്.

Post a Comment