കൊച്ചി: മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാന്‍ പറ്റാത്ത മാനസിക ക്രൂരതയായിരിക്കുമെന്നു ഹൈക്കോടതി.
ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭര്‍ത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്.
ഇതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ക്രൂരതയെന്നാല്‍ ശാരീരികം മാത്രമല്ല മാനസികവുമാകാമെന്നാണു മുന്‍ കോടതിവിധികള്‍ ഉദ്ധരിച്ച് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, സി.എസ്.സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
കാലാനുസൃതമായി മാറുമെന്നതിനാല്‍ ക്രൂരതയ്ക്കു സമഗ്രമായ നിര്‍വചനം നല്‍കുക ബുദ്ധിമുട്ടാണ്. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയില്‍പെടുമെന്നും കോടതി പറഞ്ഞു.
ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍.

Post a Comment