ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തില്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

 


കൊച്ചി: ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തില്‍ ഇടപെട്ട് ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയമത്തിനുള്ളില്‍ നിന്ന് ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.


പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കും. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ഇത്തരം നടപടികളെന്നും ഹൈക്കോടതി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ എംഡിഎംഎയുമായി പിടിയില്‍ ആയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ആണ് കോടതിയുടെ പരാമര്‍ശം. ബസ് അമിത വേഗതയില്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നുമായി ഷൈന്‍ എന്ന ഡ്രൈവര്‍ പിടിയില്‍ ആയത്.


മദ്യപിച്ച്‌ ബസ് ഓടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏഴ് ഡ്രൈവര്‍മാരേയും അഞ്ച് കണ്ടക്ടര്‍മാരേയുമാണ് കസ്റ്റഡിയിലെടുത്തത്. ശക്തന്‍, വടക്കേ സ്റ്റാന്‍ഡില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരേയും കണ്ടക്ടര്‍മാരേയും കസ്റ്റഡില്‍ എടുത്തത്.

Post a Comment

Previous Post Next Post