മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. അലക്സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. 1958ൽ ജനിച്ച അദ്ദേഹം 1973 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച് 1983 ജനുവരി ഒന്നിന് വൈദികനായി. തലശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷചെയ്ത ഫാ. അലക്സ് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വിവിധ മേഖലകളിലെ അജപാലനശുശ്രൂഷകൾക്കുപുറമേ അദ്ദേഹം കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകൻ, വൈസ് റെക്ടർ, റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. 2016 മുതൽ 2022 വരെ തലശ്ശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. അതിരൂപതയിലെ മാടത്തിൽ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ട്.

Post a Comment