വയോധികന് മര്‍ദനം; പരിചരണത്തിന് എത്തിയ മലയാളി ഇസ്രയേല്‍ ജയിലിൽ;കണ്ണൂര്‍ സ്വദേശിയായ യുവാവാണ് രോഗിയെ മര്‍ദിച്ചതിന് പിടിയിലായത്

  




കണ്ണൂർ: വയോധികനെ മര്‍ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍.പിണറായി എരുവട്ടി പാറമ്മല്‍ വീട്ടില്‍ ദിപിനാണ് (24) ജയിലില്‍ കഴിയുന്നത്. യുവാവ് കേസിന് ആസ്‌പദമായ കുറ്റം ചെയ്യുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു.രോഗിയായ വയോധികനെ മര്‍ദിച്ചതിന് പരിചരണത്തിനെത്തിയ മലയാളി യുവാവ് ഇസ്രയേലില്‍ പിടിയില്‍

ആറ് മാസം മുന്‍പാണ് ദിപിന്‍, വയോധികനെ പരിചരിക്കാന്‍ ഇസ്രയേലില്‍ എത്തുന്നത്. പരിചരണത്തില്‍ കഴിഞ്ഞ രോഗിയെ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ചു എന്നാണ് ദിപിന്‍റെ പേരില്‍ ചുമത്തിയ കുറ്റം. മര്‍ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഇസ്രയേല്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് നടപടിയുണ്ടായത്.

ദിപിന്‍ കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ, ജോലി തരപ്പെടുത്തി നല്‍കിയ ഏജന്‍സി വഴിയും മറ്റും കുടുംബം അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നാലെ, ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ്‌ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവാവ് ജയിലില്‍ ആണെന്ന വിവരം കുടുംബം അറിഞ്ഞത്.

രോഗീപരിചരണത്തിന് പുറമേ മറ്റ് ജോലി കൂടി ചെയ്യാന്‍ വയോധികന്‍റെ മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ മറുത്ത് പറഞ്ഞതിന്‍റെ പ്രതികാരമായിട്ടാണ് കേസെന്ന് ദിപിന്‍റെ കുടുംബം ആരോപിച്ചു. എന്നാല്‍, വയോധികന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മകള്‍ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചു. ഇതില്‍ മര്‍ദനം വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഇസ്രയേല്‍ മാധ്യമങ്ങള്‍ സംഭവം വന്‍ വാര്‍ത്തയാക്കിയിരുന്നു.

Post a Comment

Previous Post Next Post