തിരുവനന്തപുരം വര്‍ക്കലയില്‍ ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് പനിയും ഛർദിയും ബാധിച്ച അശ്വതി ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് അയച്ചു. പിറ്റേ ദിവസം വീട്ടിൽ കുഴഞ്ഞ് വീണു. പരിശോധനയിൽ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. ഓക്‌സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
1.ചെള്ള് പനിയെ എങ്ങനെ പ്രതിരോധിക്കാം
തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പെടെ കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനും ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ശ്രമിക്കുക.
2.ചെള്ള് പനിയുടെ ലക്ഷണങ്ങള്‍
ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം പ്രത്യക്ഷപ്പെടും. 10 ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്‌നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്), അസാധാരണമായ കരള്‍ പ്രവര്‍ത്തനങ്ങളും കാണപ്പെടുന്നു.

Post a Comment