നടുവിൽ: ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി സമർപ്പണത്തിൽ കുറ്റകരമായ വീഴ്ചയെന്ന് ആരോപണം. പദ്ധതി ആസൂത്രണ പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട നടപടിയായ ഗ്രാമസഭകൾ ചേരാതെയാണ് വികസന സെമിനാർ നടത്തിയതെന്നാണ് പരാതി. സർക്കാർ ഉത്തരവ് പ്രകാരം മേയ് 16 മുതൽ 27 വരെയുള്ള തീയതികളിൽ ഗ്രാമസഭകൾ ചേരണമെന്ന നിർദ്ദേശമാണ് നടുവിൽ പഞ്ചായത്തിൽ ലംഘിക്കപ്പെട്ടത്.
ഇതിനെതിരേ നടുവിൽ മണ്ഡലം തലത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ യോഗ തീരുമാനപ്രകാരം മണ്ഡലം സെക്രട്ടറി ജേക്കബ് പാണംകുഴിയാണ് ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് പരാതി നല്കിയത്. കഴിഞ്ഞ വർഷത്തെ പദ്ധതി ആസൂത്രണ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
ഗ്രാമസഭകൾ ചേരാതെ വികസന സെമിനാർ നടത്തിയതിലും പഞ്ചായത്ത് ഭരണസമിതി യോഗത്തെ തെറ്റിദ്ധരിപ്പിച്ച്, ഗ്രാമസഭകൾ ചേരേണ്ടതില്ല എന്ന നിർദ്ദേശം പ്ലാനിംഗ് ഓഫീസറും ഡിഡിപിയും നല്കിയിട്ടുണ്ടെന്ന് ഭരണസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതിൽ പ്രതിഷേധിച്ചും അംഗങ്ങൾ ഇന്നലെ ചേർന്ന ഭരണ സമിതി യോഗം ബഹിഷ്കരിക്കുകയും വിയോജനക്കുറിപ്പെഴുതുകയും ചെയ്തിരിക്കുകയാണ്.

Post a Comment