ആലക്കോട്: കാലാവസ്ഥ വ്യതിയാനത്തിനും പ്രകൃതി ക്ഷോഭത്തിനും പ്രതിരോധം തീര്‍ക്കുന്നതിന്റെ ആദ്യ പടിയായി കാര്‍ബണ്‍ ന്യൂട്രലാകാനൊരുങ്ങി ഉദയഗിരി പഞ്ചായത്ത്.
പദ്ധതിയുടെ വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണ്.
അമിത അളവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാന്‍ ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായി ഒഴിവാക്കല്‍, പാചകവാതകങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ചൂടാറപ്പെട്ടികളുടെ വിതരണം, കന്നുകാലിത്തൊഴുത്തുകളില്‍ നിന്ന് മീഥെയ്ന്‍ വാതകം പുറന്തള്ളുന്നത് കുറക്കാന്‍ കമ്ബോസ്റ്റു പിറ്റുകളുടെ നിര്‍മാണം, വൃക്ഷത്തൈകള്‍ വച്ച് പിടിപ്പില്‍, വീടുകളിലും ഓഫീസുകളിലും സോളാര്‍ സംവിധാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവ പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്.
പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങളില്‍ 28 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണം, വനം-ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യ, ഊര്‍ജ സ്വയംപര്യാപ്തത, മാലിന്യനിര്‍മാര്‍ജനം, ശുദ്ധമായ മണ്ണ്, വെള്ളം, വായു എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment