ആലക്കോട്: മൂന്നര പതിറ്റാണ്ടുകാലം ആലക്കോട് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയമായി നിലനിന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കി.
ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. ആലക്കോട് ടൗണിനോടുചേര്‍ന്ന് നിര്‍മ്മിച്ച ഈ കെട്ടിടം കാലപ്പഴക്കം കൊണ്ടും നിര്‍മ്മാണത്തകരാര്‍ കൊണ്ടും ഉപയോഗിക്കാന്‍ പറ്റാത്തവിധത്തിലായിട്ട് വര്‍ഷങ്ങള്‍ പലതുപിന്നിട്ടപ്പോഴാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടിയായത്.
പഞ്ചായത്ത് കാര്യാലയം ആലക്കോട് ടൗണില്‍ നിന്നും ഒന്നര കി. മീറ്റര്‍ ദൂരെയുള്ള അരങ്ങത്ത് ആണെങ്കിലും കമ്മ്യൂണിറ്റി ഹാള്‍ ആലക്കോട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപത്തുള്ളതുകൊണ്ട് കുടുംബശ്രീ പ്രോഗ്രാമുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പരിപാടികള്‍ തുടങ്ങിയവയൊക്കെ നടത്തിയിരുന്നത് ഇവിടെയാണ്. വിവാഹ ആവശ്യങ്ങള്‍ക്കും കമ്മ്യൂണിറ്റി ഹാള്‍ വാടകയ്ക്ക് നല്‍കി വരുമാനമുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു.
ലക്ഷങ്ങള്‍മുടക്കി നിര്‍മ്മിച്ച ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുവാന്‍ പഞ്ചായത്ത് അധികൃതര്‍ കാലതാമസം വരുത്തുന്നത് പതിവായതോടെ പ്രോഗ്രാമുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയായിരുന്നു.

Post a Comment