ഇരിട്ടി: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യൻ്റെ കഴുത്തിലലിഞ്ഞ മാലയാണ് ഇയാൾ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലിൽ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നിൽ വച്ചായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറിൽ എത്തിയ സെബാസ്ററ്യൻ ഷാജി ഒരു മേൽവിലാസം ചോദിക്കുകയായിരുന്നു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയിൽ പെട്ടെന്ന് ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു. എന്നാൽ അഞ്ച് പവനോളം വരുന്ന സ്വർണ്ണ മാലയിലെ കുരിശ് താലി മാത്രമേ ഷാജിക്ക് ലഭിച്ചിട്ടുള്ളൂ. ഇത് കൈക്കലാക്കിയാണ് ഇയാൾ കടന്നുകളഞ്ഞുത്. ഫിലോമിന ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
ഈ സംഭവം നടക്കുന്നതിന് തൊട്ട് മുൻപേ ഇയാൾ സമീപത്തുള്ള ഒരു വീട്ടിൽ എത്തിയതായി അറിഞ്ഞു. പരിചയമില്ലാത്ത കാർ കണ്ട്
സംശയം തോന്നിയ യുവാക്കൾ ഈ കാറിൻറെ നമ്പർ ശ്രദ്ധിച്ചിരുന്നു. ഇതുപ്രകാരം ഇരിട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്ഠാപുരത്ത് വച്ച് കാറുമായി ഇയാൾ പിടിയിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പയ്യാവൂരിൽ വെച്ച് ഒരു വീട്ടിൽ കയറി ഒരു വയോധികയുടെ മാല മോഷ്ടിച്ചതും താനാണെന്ന് ഇയാൾ സമ്മതിച്ചു.
ഇരിട്ടി പയഞ്ചേരിയിൽ നിന്നും വാടകക്കെടുത്ത കാറിലാണ് ഇയാൾ എത്തിയത്. മൂന്ന് ദിവസമായി മാടത്തിലെ ഒരു ലോഡ്ജിൽ യുവതിയുമായി ഇയാൾ കഴിഞ്ഞു വരികയാണെന്നും പോലീസ് പറഞ്ഞു. കാർഗിലിൽ സൈനിക ജോലിക്കിടെ ഒരു മാസത്തെ അവധിയിൽ നാട്ടിൽ വന്നതാണ് ഇയാൾ. ഇരിട്ടി സിഐ കെ. ജെ. ബിനോയ് യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്

Post a Comment