കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്:മണിച്ചൻ ഉള്‍പെടെയുള്ള 33 തടവുകാരെയും മോചിപ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി നൽകി

 



തിരുവനന്തപുരം:കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പെടെയുള്ള 33 തടവുകാരെയും മോചിപ്പിക്കാന്‍ ഒടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി.


ഗവര്‍ണര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍കാര്‍ മറുപടി നല്‍കിയിരുന്നു. അത് പരിശോധിച്ച ശേഷം അനുമതി നല്‍കുകയായിരുന്നു.

സംഭവം നടന്ന് 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന്റെ ജയില്‍ മോചനം. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച്‌ ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.

നേരത്തെ 33 പേരെ ജയില്‍ മോചിതരാക്കാന്‍ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നും 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചതെന്നും സര്‍കാര്‍ വിശദീകരണം നല്‍കി.

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെടുത്തതെന്നും സര്‍കാര്‍ വ്യക്തമാക്കുന്നു. എല്ലാ ചട്ടങ്ങളും പാലിച്ച്‌ ചീഫ് സെക്രടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍കാര്‍ വിശദീകരിച്ചിരുന്നു.

Post a Comment

Previous Post Next Post