ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും.
ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടര്‍മാരാണുള്ളത്. 776 എംപിമാരും 4,033 എംഎല്‍എമാരും ചേര്‍ന്നതാണിത്. പാര്‍ലമെന്റംഗങ്ങള്‍ക്ക് പുറമേ, നിയമസഭാംഗങ്ങള്‍ കൂടി ചേര്‍ന്നതാണ് ഇലക്ടോറല്‍ കോളേജ്. എംപിമാരും എംഎല്‍എമാരും ചേര്‍ന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎല്‍എമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. 50 പേരാണ് പുതിയ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേര്‍ വേണം.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വോട്ടെടുപ്പിനുള്ള ബാലറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കും. ദില്ലിയിലാണ് വോട്ടെണ്ണല്‍. അതുകൊണ്ട് വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ എണ്ണുന്നതിനായി പ്രത്യേക വിമാനത്തില്‍ തന്നെ ദില്ലിയിലും എത്തിക്കും. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.

Post a Comment