തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ താമസിക്കുന്നവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അത്തരം പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്.
Post a Comment