മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ആതിഥേയർ തുടക്കം ഗംഭീരമാക്കി.
ഹാട്രിക്ക് നേടിയ ക്യാപ്റ്റന് ജിജോ ജോസഫാണ് കേരളത്തിനായി തിളങ്ങിയത്. ആറാം മിനിറ്റിൽ കേരളത്തിന്റെ ഗോളടി തുടങ്ങിവെച്ച ജിജോ 57, 62 മിനിറ്റുകളിലും സ്കോർ ചെയ്ത് ഹാട്രിക്ക് തികച്ചു.
38-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടും 81-ാം മിനിറ്റിൽ അജയ് അലക്സുമാണ് കേരളത്തിന്റെ മറ്റു ഗോളുകൾ നേടിയത്.
യോഗ്യതാ റൗണ്ടിൽ ഗോളടി കേരളം ഫൈനൽ റൗണ്ടിലും തുടരുന്നതിനാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. മികച്ച മുന്നേറ്റങ്ങളോടെ കേരള താരങ്ങൾ കളംനിറഞ്ഞ് കളിച്ചു.
തിങ്കളാഴ്ച പശ്ചിമ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Post a Comment