● കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ ഇടത് മുന്നണി കൺവീനറാവുന്നതോടെ പാർട്ടി, മുന്നണി, ഭരണം എന്നിവയെല്ലാം കണ്ണൂരുകാരുടെ കൈകളിലാകും.
ഇടത് മുന്നണിയുടെ രണ്ടാം തുടർഭരണത്തിന് കണ്ണൂർ ജില്ലക്കാരനായ പിണറായി വിജയൻ നേതൃത്വം നൽകുമ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അമരക്കാരൻ കോടിയേരി ബാലകൃഷ്ണനാണ്. ഏറ്റവും ഒടുവിലായി ഭരണ മുന്നണിയായ എൽഡിഎഫ് കൺവീനറായി ഇ.പി.
ജയരാജനും ചുമതലയേൽക്കുന്നതോടെ മുന്നണി സംവിധാനത്തിലെ നിർണായ സ്ഥാനവും കൂടിയാണ് കണ്ണൂരുകാരന്റെ കൈയിലെത്തുന്നത്.
അഴീക്കോടൻ രാഘവൻ (ഐക്യമുന്നണി) , പി.വി. കുഞ്ഞിക്കണ്ണൻ എന്നിവരായിരുന്നു കണ്ണൂരിൽ നിന്നും ഇതിനു മുമ്പ് സിപിഎം നേതൃത്വം നൽകുന്ന മുന്നണിയുടെ കൺവീനർമാരായവർ.
എൽഡിഎഫ് രൂപീകരിക്കുന്നതിന് മുമ്പ് സിപിഎം നേതൃത്വം നൽകിയ ഐക്യമുന്നണിയുടെ കൺവീനറായിരുന്നു അഴീക്കോടൻ രാഘവൻ. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കായിരുന്നു അഴീക്കോടൻ രാഘവൻ വഹിച്ചത്. 1964ലെ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ ഭിന്നിപ്പിനെ തുടർന്ന് സിപിഎമ്മിനൊപ്പം നിലയുറപ്പിച്ച അഴീക്കോടൻ രാഘവൻ 1972 സെപ്റ്റംബർ 23 ന് തൃശൂരിൽ വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. വിവാദമായ തട്ടിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിർണായ രേഖകൾ കൈവശമുണ്ടെന്ന സംശയത്തിൽ രാഷ്ട്രീയ എതിരാളികൾ കുത്തിക്കൊലപ്പടുത്തുകയായിരുന്നുവെന്നും കൊലപാതകത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായ കെ. കരുണാകരന് വ്യക്തമായ പങ്കുണ്ടെന്നും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ് നിയമസഭയിൽ ആരോപിച്ചിരുന്നു. മരിക്കുമ്പോൾ അദ്ദേഹം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു.
സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന പി.വി.കുഞ്ഞിക്കണ്ണനാണ് കണ്ണൂരിൽ നിന്നും എൽഡിഎഫ് കൺവീനറാകുന്ന രണ്ടാമത്തെയാൾ.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച കുഞ്ഞിക്കണ്ണൻ സിപിഐയിലും പ്രവർത്തിച്ചു പിന്നീട് പാർട്ടിയിലെ ഭിന്നതയെ തുടർന്ന് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കുകയായിരുന്നു. 1977-80 കാലഘട്ടത്തിൽ മലമ്പുഴയിൽ നിന്നും 1982-87 കാലഘട്ടത്തിൽ കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലെത്തി. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ ബദൽ രേഖ വിവാദത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പി.വി. കുഞ്ഞിക്കണ്ണൻ 1999 ഏപ്രിൽ ഒമ്പതിന് മരിച്ചു.
Post a Comment