ചെറുപുഴ: ചെറുപുഴ ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ഇന്ന് വ്യാഴാഴ്ച ചെറുപുഴ പഞ്ചായത്ത് അധികൃതർ വിളിച്ചു ചേർത്ത പോലീസ്, വ്യാപാരി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെ യോഗത്തിലാണ് ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനമായത്.
പടിഞ്ഞാത്ത് ജ്വല്ലറി മുതൽ ചെറുപുഴ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിന്റെ ഒരു ഭാഗത്തു മാത്രമെ ഇനി വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കൂ. ചെറുപുഴ മേലെ ബസാർ മുതൽ തിരുമേനി റോഡിൽ കെഎസ്ഇബി സെക്ഷൻ ഓഫിസ്, ചെറുപുഴ ബസ് സ്റ്റാൻഡ് - പഞ്ചായത്ത്, ആരാധന ടൂറിസ്റ്റ് ഹോം - പഞ്ചായത്ത്, ചെറുപുഴ - ബസ് സ്റ്റാൻഡ് - ഏലഗൻസ് എന്നി റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു.
ഗതാഗത പ്രശ്‌നങ്ങളും റോഡിനിരുവശത്തുമുള്ള പാർക്കിംഗും കാരണം ചെറുപുഴ ടൗൺ വീർപ്പ് മുട്ടുകയാണ്. ചെറുപുഴ ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. തിരുമേനി റോഡ്, എലഗൻസ് റോഡ്, ആരാധനാ റോഡ്, ബസ്റ്റാൻ്റ് പഞ്ചായത്ത് റോഡ് ഇവിടെയെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പരിഹാരമായി പഞ്ചായത്ത് ഓഫീസിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. 200 ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം.
ഗതാഗത പരിഷ്കരണം ഈ മാസം 31 മുതൽ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ, വൈസ് പ്രസിഡൻറ് റെജി പുളിക്കൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ, ഷാൻ്റി കലാധരൻ, പഞ്ചായത്ത് സെക്രട്ടി കെ.പ്രമോദ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment