ബാലചന്ദ്രകുമാറിന്‍റെ മൊഴി മാത്രം വിശ്വസിച്ച്‌ മുന്നോട്ട് പോകരുത് ,തന്നെ അഴിക്കുള്ളിലാക്കാന്‍ രഹസ്യ അജണ്ടയെന്ന് ദിലീപ്


കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം‍ തുടരുകയാണ്.

സിഐ സുദര്‍ശന്‍റെ കൈ വെട്ടും എന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചുകൊല്ലും എന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു.

ദിലീപിന്റെ അഭിഭാഷകരുടെ വാദം ഇങ്ങനെ

ബാലചന്ദ്രകുമാറിന്‍റെ മൊഴി മാത്രം വിശ്വസിച്ച്‌ മുന്നോട്ട് പോകരുത്, എഫ്‌ഐആര്‍ ഇടാന്‍ വേണ്ടി പൊലീസ് ബാലചന്ദ്രകുമാറിന്‍റെ പുതിയ സ്റ്റേറ്റ്മെന്റ് എടുക്കുകയായിരുന്നു, ദിലീപ് വാദിച്ചു. ചില 161 സ്റ്റേറ്റ്മെന്റുകള്‍ വിശ്വാസത്തില്‍ എടുക്കരുത് എന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.

എ വി ജോര്‍ജ് ന്‍്റെ വീഡിയോ കണ്ടിട്ടാണ് ദിലീപ് നിങ്ങള്‍ അനുഭവിക്കും എന്ന് പറഞ്ഞത് എന്നാണ് ബാലകൃഷ്ണകുമാറിന്റെ മൊഴി. പക്ഷേ അന്ന് എ വി ജോര്‍ജ് അന്വേഷണം സംഘത്തില്‍ ഇല്ല എന്നും ദിലീപ് വാദിച്ചു. സോജന്‍ ,സുദര്‍ശന്‍ എന്നിവര്‍ക്ക് നല്ല ശിക്ഷ ആയിരിക്കും കിട്ടുന്നത് എന്നും ദിലീപ് പറഞ്ഞതായി മൊഴിയില്‍ ഉണ്ടെന്ന് ദിലീപിന്‍്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. മുമ്ബ് പറഞ്ഞതിലും ഇപ്പോള്‍ പറയുന്നതിലും വൈരുദ്ധ്യമുണ്ടെന്നാണ് വാദം.

സുദര്‍ശന്‍്റെ കൈവെട്ടണം എന്ന് പറയുന്നത് കെട്ടിച്ചമച്ചതാണെന്ന് ദിലീപ് പറയുന്നു. എന്‍്റെ ദേഹത്ത് ആരും കൈ വച്ചിട്ടില്ല, പിന്നെ എന്തിന് അങ്ങനെ പറയണം. ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ച്‌ കൊല്ലും എന്ന് പറഞ്ഞിട്ടില്ല. വണ്ടി ഇടിച്ചു മരിച്ചാല്‍ 1.5 കോടി വരും അല്ലേ എന്നത് പ്രോസിക്യൂഷന്‍ കേസ്. ഈ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിച്ചാല്‍ എനിക്ക് എങ്ങനെ നീതി കിട്ടും എന്ന് ദിലീപ് ചോദിക്കുന്നു.

എങ്ങനെ എങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആണ് ഇവര്‍ ചെയ്യുന്നത്. അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ചാര്‍ജ് ഉള്‍പ്പെടുത്താന്‍ പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രധാന ഗൂഡാലോചനക്കാരന്‍ ബാലചന്ദ്രകുമാര്‍ എന്ന് ദീലീപ് പറയുന്നു. അന്വേഷണസംഘവുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയതില്‍ ബാലചന്ദ്രകുമാറിന് പങ്കുണ്ട്. സാക്ഷിയായല്ല ഗൂഡാലോചനക്കാരനായാണ് ബാലചന്ദ്രകുമാറിനെ കാണേണ്ടെന്നും ദിലീപ് വാദിച്ചു.

ഓഡിയോ ശബ്ദത്തില്‍ താന്‍ പരാര്‍മര്‍ശം നടത്തുമ്ബോള്‍ മറ്റാരും പ്രതികരിക്കുന്നില്ല, പിന്നെയെങ്ങനെ തനിക്കെതിരെ ഗൂഡാലോചന നിലനില്‍ക്കുമെന്നും ദിലീപ് ചോദിക്കുന്നു. സാംസ്ങ് ടാബില്‍ ബാലചന്ദ്രകുമാര്‍ തന്‍റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു എന്നാണ് പറയുന്നത്. പക്ഷേ അത് പോലീസിന്‍്റെ മുന്‍പില്‍ ഹാജര്‍ക്കിയിട്ടില്ല. ടാബില്‍ നിന്ന് ലാപ്ടോപ്പിലേക്ക് മാറ്റി എന്ന് പറയുന്നു. അപ്പോള്‍ എന്തൊക്കെ കൃതൃമം അതില്‍ നടക്കാം എന്നും ദിലീപ് ആശങ്കപ്പെടുന്നു. ടാബ് കേടായി എന്ന് പറയുന്നു. ലാപ്ടോപ് എവിടെ എന്നാണ് ദിലീപിന്റെ ചോദ്യം.

ആകെ ഹാജരാക്കിയിരിക്കുന്നത് പെന്‍ഡ്രൈവ് മാത്രമാണ്. എന്തൊക്കെ കൃത്രിമം അതില്‍ നടക്കാം. ഇത്രയും ആളുകള്‍ അവിടെ ഇരിക്കുമ്ബോള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്ത് എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത് എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. പലഘട്ടങ്ങളിലായി റെക്കോര്‍ഡ് നടത്തിയത് എന്ന് പറയുന്നത്. അവിടുന്നും ഇവിടുന്നു ഉള്ള സംഭാഷണ ശകലങ്ങള്‍ ആണ് എന്നാണ് പറയുന്നത്, അത് എങ്ങനെ കോടതി വിശ്വാസത്തില്‍ എടുക്കുമെന്ന് ദിലീപ് ചോദിക്കുന്നു.

അന്വേഷണവുമായി പൂ‍ര്‍ണമായി സഹകരിച്ചു എന്ന് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികള്‍ പലരും ദിലീപിന് അനുകൂലം ആയി പറഞ്ഞു. അത് മനസ്സിലാക്കിയ പൊലീസിന്‍്റെ കളിയാണിതെന്നും ദിലീപ് വാദിക്കുന്നു. വീട്ടിലിരുന്ന കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഡാലോചന ആകും.

ദിലീപ് പറയുന്നത് മറ്റ് പ്രതികള്‍ കേട്ടാല്‍ ഗൂഡാലോചനയാകുമോ. ശബ്ദരേഖയുടെ ആധികാരികതയെ ദിലീപ് ചോദ്യം ചെയ്തു. ഒരു ദിവസം 24 തവണ റെക്കോഡ് ചെയ്തു എന്നു പറയുന്നു. ഇത്രയും ആള്‍ക്കാരുടെ ഒപ്പമിരിക്കുമ്ബോള്‍ അത് എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം. എല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്‍റെ വാദം.

ബാല ചന്ദ്രകുമാറിന്‍റെ മൊഴി രാമന്‍പിളള കോടതിയില്‍ വായിച്ചു. ദിലീപിന്‍റെ വീട്ടില്‍വെച്ച്‌ പള്‍സര്‍ സുനിയെ കണ്ട കാര്യങ്ങളാണ് മൊഴിയില്‍ ഉളളത്. ആരെങ്കിലും മാപ്പുസാക്ഷിയാകാന്‍ തയാറായില്ലെങ്കില്‍ അയാളെ പിടിച്ച്‌ വിഐപി ആക്കുമെന്നാണ് ദിലീപ് അഭിഭാഷകരുടെ ആക്ഷേപം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് വിളിച്ചെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി, അയാള്‍ അത് കാണാന്‍ പോയില്ലെന്ന് പറയുന്നു, ഇത്രയും തെളിവുകള്‍ ശേഖരിച്ച ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഇത് റിക്കാര്‍‍ഡ് ചെയ്തില്ല. ദൃശ്യങ്ങള്‍ പ്രതികള്‍ കണ്ടു എന്നത് പ്രോസിക്യൂഷന്‍ നിഗമനം മാത്രമാണെന്നാണ് ദിലീപിന്റെ വാദം. അവര്‍ക്ക് ചില തെളിവുകള്‍ കിട്ടിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്ന് കോടതി.

ഇതൊരു തിരക്കഥയെന്ന് ദിലീപ് വാദിക്കുന്നു. ആരാണ് സംവിധായകന്‍ എന്നാണ് അറിയേണ്ടത്. എന്ത് തെളിവുകള്‍ ആണ് എന്ന് ഞങ്ങള്‍ക്ക് കൂടി അറിയേണ്ടേ എന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിക്കുന്നു. ആല്ലുവ പോലീസ് ലിമിറ്റില്‍ ഇരുന്നു ഗൂഢാലോചന നടന്നാല്‍ അത് ലോക്കല്‍ പൊലീസ് അല്ലേ അനേഷിക്കേണ്ടതെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യം.

അതല്ലേ സത്യസന്ധന്‍ ആയ ഒരു ഓഫിസര്‍ ചെയ്യേണ്ടത്. പരാതിക്കാരന്‍ തന്നെ കേസ് അന്വേഷിക്കുന്ന അവസ്ഥ ആണ് ഇപ്പൊഴെന്ന് ദിലീപ് പരാതിപ്പെടുന്നു. തന്നെ കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നതില്‍ രഹസ്യ അജണ്ടയുണ്ട്. പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും നീക്കം നടക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ അതനുസരിച്ച്‌ തെളിവുണ്ടാക്കാനാണ്ശ്രമം. പള്‍സര്‍ സുനി ഇതുവരെ പറയാത്ത കാര്യമാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുള്ളത്.

പരാതിക്കാരന്‍ ഇപ്പോഴും കൊച്ചി യൂണിറ്റില്‍ ആണോ എന്ന് കോടതി തിരിച്ചു ചോദിച്ചു. ബാലചന്ദ്രകുമാറിന്‍റെ മൊഴി പൂ‍ര്‍ണമായി കെട്ടിച്ചമച്ചതെന്ന് ദിലീപ് വീണ്ടും വാദിച്ചു. ടാബും ലാപ്ടോപ്പും ഇല്ല. പെന്‍ഡ്രൈവ് മാത്രമേ ഉള്ളൂ അല്ലേ എന്ന് കോടതി ചോദിച്ചു. എന്താണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ കാരണം എന്ന് കോടതി ചോദിച്ചു. ഡിജിപിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ മാത്രമേ ക്രൈം ബ്രാഞ്ച് അന്വേഷിക്കാറുള്ളു എന്ന് ദിലീപിന്റെ അഭിഭാഷക‍ര്‍ മറുപടി നല്‍കി. ഇത് ഗൂഡാലോചനം നടത്തി അവര്‍ തന്നെ സ്വയം തീരുമാനിച്ചതാണ്. പൊലീസ് രാജ് ആണ് നടക്കുന്നത്, ബാലചന്ദ്രകുമാര്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ്.

താനുമായി ഒരു സിനിമ ചെയ്യാമോ എന്ന് ബാലചന്ദ്രകുമാര്‍ ചോദിച്ചിരുന്നു, അത് അനൗണ്‍സ് ചെയ്യണമെന്ന് പറഞ്ഞു. അതായിരുന്നു അയാളുടെ ആവശ്യം എന്നും ദിലീപ് വാദിക്കുന്നു.

ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ട്. താന്‍ ബൈജു പൌലോസിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു, ബൈജു പൌലോസിന്‍റെ മൊബൈല്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്‍റെ വൈരാഗ്യം ബൈജു പൌലോസിനുണ്ടെന്നാണ് ദിലീപിന്റെ വാദം.

Post a Comment

Previous Post Next Post