റാന്നി: പമ്പയാറിന്റെ തീരംകടന്ന് കല്ലാറും കക്കാട്ടാറും കടന്ന് ശബരിഗിരീശന് ചാർത്താനുള്ള തിരുവാഭരണങ്ങൾ പൂങ്കാവനത്തിലേക്ക്. വഴികളിലെല്ലാം ഭക്തിനിർഭരമായ വരവേല്പാണ് ലഭിച്ചത്. തിരുവാഭരണം കണ്ടുതൊഴുത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ മനസ്സിൽ ദർശിച്ച് ആയിരങ്ങൾ സംതൃപ്തിനേടി.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദർശനത്തിനായി ഭക്തരുടെ നല്ല തിരിക്കാണനുഭവപ്പെട്ടത്. പന്തളത്തുനിന്ന് ബുധനാഴ്ച തിരിച്ച ഘോഷയാത്ര രണ്ടാംദിവസം ളാഹ സത്രത്തിലെത്തി വിശ്രമിച്ചു. വെള്ളിയാഴ്ച പുലർച്ചെ അവിടെനിന്നുതിരിച്ച് വൈകീട്ട് സന്നിധാനത്തെത്തും. ഈ തിരുവാഭരണങ്ങൾ ചാർത്തിയാണ് മകരസംക്രമ സന്ധ്യയിൽ ദീപാരാധന നടക്കുന്നത്.
ബുധനാഴ്ച അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ച ഘോഷയാത്രാസംഘം വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്ക് അവിടെനിന്ന് പുറപ്പെട്ടു. കുരുത്തോലകളും പൂമാലകളും വൈദ്യുതിദീപങ്ങളുംകൊണ്ട് അലങ്കരിച്ച പാതയിലൂടെ നീങ്ങിയ ഘോഷയാത്രയെ നിറപറയും നിലവിളക്കുമായി വഴിയിലുടെ നീളം ഭക്തർ വരവേറ്റു.
കർപ്പൂരമൊഴിഞ്ഞും പൂക്കൾ വിതറിയും അവർ അയ്യപ്പപൂജ നടത്തി. മൂക്കന്നൂർ മഹാദേവ ക്ഷേത്രം, ഇളപ്പുങ്കൽ, ഇടപ്പാവൂർ ക്ഷേത്രം, പേരൂച്ചാൽ എന്നിവിടങ്ങളിൽ വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രഭരണസമിതികളുടെയും നേതൃത്വത്തിൽ ഘോഷയാത്രയെ ഭക്തിയോടെ സ്വീകരിച്ചു.
പുലർച്ചെ നാലുമണിയോടെ പമ്പാനദി കടന്ന് മറുകരയിലെത്തുന്ന ഘോഷയാത്രയെ ചെറുകോൽ പഞ്ചായത്തും വിവിധ ഹൈന്ദവസംഘടനാ ഭാരവാഹികളും ഭക്തരുംചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് പമ്പാനദീതീരത്തുകൂടിയുള്ള പാതയിലൂടെ ആയിക്കൽ തിരുവാഭരണ പാറയിലേക്ക്. രണ്ടാംദിവസം തിരുവാഭരണ പേടകങ്ങൾ ആദ്യംതുറന്നതിവിടെയാണ്. പുലർച്ചെ മഞ്ഞും തണുപ്പുമൊന്നും വകവെയ്ക്കാതെ നൂറു കണക്കിന് ഭക്തരാണ് ഈ സ്വീകരണ സ്ഥലങ്ങളിലൊക്കെ ഭജനയും ശരണംവിളികളുമായി കാത്തുനിന്നിരുന്നത്. ഓരോ സ്ഥലത്തും ഭക്തർക്ക് ആവശ്യമായ ഭക്ഷണവും ചുക്കുകാപ്പിയുമൊക്കെ തയ്യാറാക്കിയിരുന്നു.
Post a Comment