തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ വ്യാപനം വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററും തിരുവനന്തപുരത്ത് ഒരു ഫാർമസി കോളജിലും ഒരു എൻജിനിയറിംഗ് കോളജിലും നിരവധി വിദ്യാർഥികൾ കോവിഡ് ബാധിതരായതിനെത്തുടർന്ന് ഇരു കോളജുകളിലും കോവിഡ് ക്ലസ്റ്ററും രൂപപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ ഇന്നുച്ചകഴിഞ്ഞ് വിദഗ്ധർ ഉൾപ്പെടുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പഠനം മുൻ കാലത്തെപ്പോലെ ഓണ്‍ലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ അവലോകന യോഗത്തിൽ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടേക്കും.
Post a Comment