കണ്ണൂർ : ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ ചെയ്യും. 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ., റോബോട്ടിക്സ് ഇ.ടി.എസ്. ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവേ നടത്തുക. ഭൂമിസംബന്ധമായ വിവരങ്ങൾ കൈകാര്യംചെയ്യുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽവഴി നേരിട്ട് സുതാര്യമായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഇപ്പോൾ റവന്യൂ വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ വകുപ്പിന്റെ ഇ-മാപ്സ് എന്നീ സോഫ്‌റ്റ്‌വെയറുകളിലൂടെയാണ് ഈ സേവനങ്ങൾ നൽകുന്നത്.
ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിലാണ് സർവേ. കണ്ണൂർ താലൂക്കിലെ കണ്ണൂർ-(ഒന്ന്) വില്ലേജിൽ ജനുവരി 27, 28-നും കണ്ണൂർ-(രണ്ട്) വില്ലേജിൽ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെയും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും. കണ്ണൂർ-(ഒന്ന്) വില്ലേജിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) സ്ഥാപിക്കുന്ന ജോലി തുടങ്ങി.
രണ്ടാം ഘട്ടം തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജിലാണ്. ഫെബ്രുവരി 11 മുതൽ 14 വരെയാണ് ഇവിടെ സർവേ നടത്തുക.
നാലുവർഷത്തിനകം ജില്ലയിലെ 133 വില്ലേജുകളിലും സർവേ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഡ്രോൺ ഉപയോഗിച്ച് സർവേ നടത്താനാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ്. മെഷിന്റെ സഹായം തേടും.
Post a Comment