പഴയങ്ങാടി: എരിപുരം ചെങ്ങലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു. ചെങ്ങൽ സ്വാമി കോവിൽ ക്ഷേത്രത്തിനു സമീപമുള്ള പി. ഉത്തമൻ (57) ആണ് ഇന്നു പുലർച്ചെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം മാടായി സ്വദേശിയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ചെങ്ങലിൽ വീടുവച്ചു താമസം തുടങ്ങിയത്. രണ്ടു വർഷം മുമ്പു കോവിഡ് കാലത്താണ് നാട്ടിൽ എത്തിയത്. എന്നാൽ, കോവിഡ് രൂക്ഷമായതിനെത്തുടർന്നു വിദേശത്തേക്കു ജോലിക്കായി വീണ്ടും പോകുവാൻ സാധിച്ചില്ല.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കുടുംബ വഴക്കിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യ പ്രേമ (47)യെ വെട്ടിയതിനു ശേഷം കിടപ്പുമുറിയിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉത്തമൻ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ചികിൽസയിലിരിക്കെ ഇന്നു പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ ഗുരുതര പരിക്കുകളോടെ പരിയാരത്തു തന്നെ ചികിത്സയിലുമാണ്. മക്കൾ: ജിതിൻ, ജിത്തു. മരുമകൾ നിതു. സഹോദരങ്ങൾ: ബാലൻ, ലക്ഷ്മി, ശ്രീമതി, രാധ, പരേതനായ നാരായണൻ.പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചെങ്ങൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.
Post a Comment