തിരുവനന്തപുരം: ഹയർസെക്കൻഡറി അർധവാർഷിക പരീക്ഷ നടത്തുന്നതുസംബന്ധിച്ച് പുതുക്കിയ പരീക്ഷാ മാന്വലിൽ നിർദേശമില്ല. ക്ലാസ് പരീക്ഷകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾക്കും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യാപകസംഘടനകളുമായി നടത്തിയ ചർച്ചയിൽ അംഗീകാരമായി.
വിശദമായ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മുറയ്ക്കാകും മാന്വൽ പരിഷ്കരണം നടപ്പാക്കുക. പുനർമൂല്യനിർണയം രണ്ട് അധ്യാപകരെങ്കിലും നടത്തണമെന്ന നിർദേശവും മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്കിൽ കാര്യമായ മാറ്റമുണ്ടെങ്കിൽ മൂന്നാമതൊരാൾകൂടി മൂല്യനിർണയം നടത്തും.
മൂല്യനിർണയത്തിന് കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തണമെന്ന നിർദേശത്തെ പ്രതിപക്ഷസംഘടനകൾ എതിർത്തിട്ടുണ്ട്. 51 വിഷയങ്ങൾക്ക് 13 പേപ്പറുകൾ മൂല്യനിർണയം നടത്തണമെന്നത് 20 ആയി ഉയർത്തണമെന്നും ബയോളജിയുടേത് 20ൽനിന്ന് 30 ആയി ഉയർത്തണമെന്നുമാണ് മാന്വലിൽ നിർദേശിച്ചിട്ടുള്ളത്. മൂല്യനിർണയത്തിൽ ചെറിയ മാർക്ക് വ്യത്യാസത്തിനും അധ്യാപകർക്കെതിരേ നടപടിയെടുക്കരുതെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഖാദർകമ്മിറ്റി റിപ്പോർട്ട് പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയുടെ ലയനം സംബന്ധിച്ച ആശങ്കയകറ്റാൻ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലകളിൽ പ്രത്യേക സെമിനാറുകൾ നടത്തും. നേരത്തേ ഡയറക്ടറേറ്റുകളുടേതടക്കം മുകൾത്തട്ടിലുള്ള ലയനമാണ് ആദ്യഘട്ടത്തിൽ നടന്നത്.
എയ്ഡഡ് സ്കൂൾ നിയമനം, സ്റ്റാഫ് ഫിക്സേഷൻ എന്നിവയ്ക്കായി വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജർമാരുടെ പ്രതിനിധികളുമായി ചർച്ച നടത്തും. വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകൾ തീർപ്പാക്കാൻ ജില്ലകളിൽ അദാലത്ത് നടത്താനും തീരുമാനിച്ചു.
Post a Comment