ആലക്കോട്: ബീ.ത്രി.എം ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന 'ബുള്ളറ്റ് ഡയറീസ് ' എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും നാളെ രാവിലെ എട്ടിന് ടി.ഐ. മധുസൂദനൻ എം.എല്‍.എ നിർവഹിക്കും. കാപ്പിമല സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോസഫ് മാളക്കാരൻ ഫസ്റ്റ് ക്ലാപ് നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ധ്യാൻ ശ്രീനിവാസൻ, പ്രയാഗാ മാർട്ടിൻ, രഞ്ജി പണിക്കർ, ജോണി ആന്റണി, സലീംകുമാർ, ആൻസെൻ പോൾ, അൽത്താഫ് സലീം, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, നിഷ സാരംഗ്, മനോഹരി എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.
സന്തോഷ് മണ്ടൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. പ്രവാസികളായ നോബിൻ മാത്യു, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.കട്ടപ്പനയിൽ നിന്നു കണ്ണൂരിലെ കുടിയേറ്റ ഗ്രാമമായ ആലക്കോട് വന്നു താമസിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായ രാജു ജോസഫിന്റെ ബുള്ളറ്റിനോടുള്ള ഭ്രാന്തമായ അഭിനിവേശം കാരണം അയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയിലൂടെ പറയുന്നത്.
ചിത്രീകരണത്തോടനുബന്ധിച്ച് 16 ന് രാവിലെ പത്തിന് റോഡ് സുരക്ഷ, ജീവന്റെ രക്ഷ എന്ന സന്ദേശവുമായി കണ്ണൂരിലെ അമ്പതോളം ബുള്ളറ്റ് റൈഡേഴ്സ് സെന്റ് മൈക്കിൾ സ്കൂൾ മുതൽ കാപ്പിമല സിനിമ ലോക്കേഷനിലേക്ക് ബുള്ളറ്റ് റൈഡ് നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ടി. പദ്മലാൽ ഫ്ലാഗ് ഓഫ് ചെയ്യും. പത്രസമ്മേളനത്തിൽ സംവിധായകൻ സന്തോഷ് മണ്ടൂർ, നിർമാതാക്കളായ നോബിൻ മാത്യു, മിനു തോമസ് എന്നിവർ പങ്കെടുത്തു.
Post a Comment