കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് സർവ്വീസ് എത്തുന്നു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ സർവ്വീസ് വരുന്നത്.
നവംബറോടെ പുതിയ സർവ്വീസ് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഈ റൂട്ടില്‍ വന്ദേഭാരത് അനുവദിക്കണമെന്നത് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
2024 ജുലൈയില്‍ എറണാകുളം-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സർവ്വീസ് റെയില്‍വെ അവതരിപ്പിച്ചിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തിയത്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12:50-ന് പുറപ്പെട്ട് രാത്രി 10:00-ന് ബെംഗളൂരുവിലെത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസ് ഉണ്ടായിരുന്നത്. ബെംഗളൂരുവില്‍ നിന്ന് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5:30-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് തിരിച്ചെത്തുന്ന തരത്തിലായിരുന്നു സർവ്വീസ്.സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് 3-5 മണിക്കൂർ യാത്രാസമയം കുറയ്ക്കാൻ ഈ വന്ദേ ഭാരത് സർവീസിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ സർവ്വീസിന് വലിയ ഡിമാന്റായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നൂറ് ശതമാനം ഒക്യുപെൻസി റേറ്റ് ഉണ്ടായിട്ടും സെപ്ഷ്യല്‍ സർവ്വീസ് വളരെ പെട്ടെന്ന് പിൻവലിച്ചു. പ്രവൃത്തി ദിനങ്ങളിലെ തിരക്ക് കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റെയില്‍വെ നടപടിക്കെതിരെ അന്ന് വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.
യാത്രക്കാർക്ക് ആശ്വാസം
ബെംഗളൂരുവില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം മലയാളികള്‍ ഉണ്ട്. പുതിയ വന്ദേഭാരത് സർവ്വീസ് മലയാളികള്‍ക്ക് വലിയ ആശ്വാസമാകും. വ്യാപാര, ടൂറിസം മേഖലകള്‍ക്കും പുതിയ ഉത്തേജനം നല്‍കും.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
കുറഞ്ഞ നിരക്കില്‍ സുഖകരമായ ബെംഗളൂരു യാത്രയാണ് ഈ സർവ്വീസിലൂടെ യാഥാർത്ഥ്യമാകുക.
ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,465 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,945 രൂപയുമാണ് നേരത്തേ ഉണ്ടായിരുന്ന നിരക്ക്. ആധുനിക യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനകരമാകും. പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍.
Post a Comment