50,000 ഷോകള്‍; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകര്‍, പുതുചരിത്രം കുറിച്ച്‌ 'ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'


290 കോടിക്ക് മുകളില്‍ ആഗോള കലക്ഷന്‍ കുതിപ്പ് തുടർന്ന് 'ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'. 35 ദിവസംകൊണ്ട് ഒരു കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തില്‍ കണ്ടത്.മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിജയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോളതലത്തില്‍ കണ്ട മലയാള ചിത്രമായി ലോക മാറിയിരിക്കുകയാണ്.
ഇത് കൂടാതെ കേരളത്തിലെ തീയേറ്ററുകളില്‍നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായി മാറിയും 'ലോക' ചരിത്രം കുറിച്ചു. ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്‌ ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കള്ളിയങ്കാട്ട് നീലിയുടെ കഥ ആളുകള്‍ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണ്.പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്ബന്‍ തരംഗമായി മാറി. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ 'ലോക' മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അഞ്ച് മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും 'ലോക' സ്വന്തമാക്കിയിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍നിന്ന് ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'.

Post a Comment

Previous Post Next Post