റബര്‍ വില വലിയുന്നില്ല, കാലാവസ്ഥയില്‍ സ്‌തംഭിച്ച്‌ റബര്‍ ടാപ്പിങ്‌, കുരുമുളക് വിലയും താഴോട്ട്

ഏഷ്യൻ റബർ ഉല്‍പാദന രാജ്യങ്ങള്‍ അനുകൂല കാലാവസ്ഥ അവസരമാക്കി ടാപ്പിങ്‌ പുനരാരംഭിക്കാനുള്ള ഒരുക്കത്തില്‍.
ആഗോള തലത്തില്‍ റബർ ലഭ്യത ചുരുങ്ങിയതിനാല്‍ സീസണ്‍ ആരംഭമെന്ന നിലക്ക്‌ ഉയർന്ന വില ലഭിക്കാൻ അവസരം ഒത്തുവരുമെന്ന നിഗമത്തിലാണ്‌ ഉല്‍പാദന രാജ്യങ്ങള്‍. ഇതേ കണക്കുകൂട്ടലില്‍ തന്നെയാണ്‌ രാജ്യാന്തര റബർ അവധി വ്യാപാരത്തില്‍ ഏർപ്പെട്ടിരിക്കുന്ന ഇടപാടുകാരും.
ഇരു കൂട്ടരും ഒരേ ചിന്താഗതിയില്‍ നീങ്ങിയതോടെ വാരത്തിന്റെ അവസാന ദിനങ്ങളില്‍ ജപ്പാനിലും സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിലും ഇടപാടുകളില്‍ ഉണർവ്‌ കണ്ടു. ജപ്പാനില്‍ കിലോ 281 ലെ താങ്ങ്‌ നിലനിർത്തി 300 യെന്നിനെ ലക്ഷ്യമാക്കിയെങ്കിലും 299ന്‌ മുകളില്‍ ഇടം പിടിക്കാൻ റബറിനായില്ല. ഇതിനിടയില്‍ പ്രതികൂല കാലാവസ്ഥയില്‍ സംസ്ഥാനത്ത്‌ സ്‌തംഭിച്ച റബർ ടാപ്പിങ്‌ ഇനിയും പുനരാരംഭിക്കാനായില്ല. ഒട്ടുമിക്ക ഭാഗങ്ങളിലും വേനല്‍ മഴ ലഭ്യമായെങ്കിലും തുടർമഴ ലഭിച്ചാല്‍ വെട്ട്‌ തുടങ്ങാനാവുമെന്ന നിലപാടിലാണ്‌ ചെറുകിട കർഷകർ.
അതേസമയം വൻകിട തോട്ടങ്ങള്‍ കാലവർഷത്തിന്റെ വരവോടുകൂടി മാത്രമേ സജീമാകു. മാസമധ്യേത്താടെ രാജ്യാന്തര വിപണിയില്‍ പുതിയ ഷീറ്റ്‌ വരവ്‌ ഉയർന്ന്‌ തുടങ്ങിയാല്‍ ആഭ്യന്തര റബർ വിലയെയും അത്‌ ബാധിക്കാം. കൊച്ചിയില്‍ നാലാം ഗ്രേഡ്‌ റബർ ക്വിൻറലിന്‌ 19,900 രൂപ വരെ കയറി. ബാങ്കോക്കില്‍ നിരക്ക്‌ 19,100 രൂപയില്‍ നിന്നും 20,000 രൂപയായി വാരാന്ത്യം കയറി. കുരുമുളക്‌ വില തുടർച്ചയായ ദിവസങ്ങളില്‍ ഇടിയുന്ന പ്രവണത കണ്ട്‌ ഒരു വിഭാഗം ഉല്‍പാദകർ വില്‍പനയില്‍ നിന്ന് പിന്തിരിഞ്ഞു.
റെക്കോഡ്‌ പ്രകടനം വിപണി കാഴ്‌ചവെച്ച ശേഷം തുടർച്ചയായ വിലത്തകർച്ച മൂലം വാങ്ങലുകാരും പിന്നാക്കം വലിഞ്ഞു. വ്യവസായികള്‍ നേരത്തെ ഇറക്കുമതി നടത്തിയ മുളക്‌ വിറ്റുമാറാൻ തിരക്കിട്ട നീക്കം നടത്തിയതും വിലയെ ബാധിച്ചു. കൊളംബോ തുറമുഖം വഴി എത്തിച്ച വിയറ്റ്‌നാം കുരുമുളകാണ്‌ വ്യവസായികളുടെ കരുതല്‍ ശേഖരത്തിലുള്ളത്‌. കൊച്ചി മാർക്കറ്റില്‍ അണ്‍ ഗാർബിള്‍ഡ്‌ കുരുമുളക്‌ വില കിലോ 712 രൂപയില്‍ നിന്ന് 695ലേക്ക്‌ ഇടിഞ്ഞു.

Post a Comment

Previous Post Next Post