നെഞ്ചിടിപ്പോടെ കര്‍ഷകര്‍; റബര്‍ വില ഇടിയുന്നു

റബ്ബർ  വില ഇടിയുന്നു. സീസണ്‍ തുടക്കത്തോടെ വിലയില്‍ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.വില ചെറുതായി കൂടുന്നത് കണ്ട് ചരക്ക് വിറ്റഴിക്കാതെ കാത്തിരുന്നവരെയും നിരാശരാക്കി വില ഇടിയുകയാണ്. ആഭ്യന്തര വില ഈ മാസം ആദ്യം 200 കടന്നെങ്കിലും ഇപ്പോള്‍ 194-196 റേഞ്ചിലാണ്. ടയർ നിർമാതാക്കള്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ വേനല്‍മഴ കൂടുതല്‍ കിട്ടിയത് ഉല്‍പാദനം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് കരുതുന്നത്. ചെറുകിട തോട്ടങ്ങളില്‍ വേനല്‍ ടാപ്പിങ് പതിയെ സജീവമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയങ്ങളില്‍ ടാപ്പിങ് നിലച്ച മട്ടായിരുന്നു. വേനലില്‍ വില കൂടിയേക്കുമെന്ന പ്രതീക്ഷയില്‍ കർഷകർ ടാപ്പിങ് തുടങ്ങാനായി റെയിൻ ഗാർഡിങ് ആരംഭിച്ചിരുന്നു. ഇതോടെ ഉല്‍പാദനം നേരത്തേ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് അന്താരാഷ്ട്ര വിപണിയില്‍ വിലയിടിയുന്നത്.
നിലവില്‍ രാജ്യാന്തര വില കിലോക്ക് 192 രൂപയാണ്. ബാങ്കോക്ക് വിലയാണിത്. അതായത് കേരളത്തിലേക്കാള്‍ അഞ്ച് രൂപക്കടുത്ത് കുറവ്. രാജ്യാന്തര വില ഉയർന്നുനില്‍ക്കുന്നതാണ് കേരളത്തിലെ കർഷകർക്ക് എപ്പോഴും നല്ലതെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാജ്യാന്തര വില താഴ്ന്നുനില്‍ക്കുമ്ബോള്‍ ഇറക്കുമതി വർധിക്കും. ആഭ്യന്തര വിലയേക്കാള്‍ 30 രൂപ വരെ കൂടി നില്‍ക്കുന്ന സമയത്തും ഇറക്കുമതി ടയർ കമ്ബനികള്‍ക്ക് ലാഭമാണ്.

Post a Comment

Previous Post Next Post