കൊച്ചി: പാലിയേക്കര ടോളില്‍ വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാല്‍ ടോള്‍ പിരിവ് ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടണമെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി 2021-ല്‍ പ്രഖ്യാപിച്ച മാർഗ നിർദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനായ ഒ.ജെ. ജെനീഷ് അഡ്വ. ശ്രീലക്ഷ്മി സാബു വഴി ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വാഹനങ്ങള്‍ 10 സെക്കൻഡിനുള്ളില്‍ ടോള്‍ കടന്നു പോകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് മാർഗ നിർദേശത്തില്‍ പറയുന്നതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഈ നിർദേശങ്ങള്‍ പാലിക്കുന്നുവെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണം. ഹർജി മേയ് 21-ന് വീണ്ടും പരിഗണിക്കും.
Post a Comment