കണ്ണൂർ: നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ണൂരില്‍ ഉയർന്ന താപനില രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തെ ഏറ്റവും ഉയർന്ന താപനിലയായ 38.1 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം കണ്ണൂർ ഇന്റർനാഷണല്‍ എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്തത്.
ഇടവേളയ്ക്ക് ശേഷം പകല്‍ സമയത്തെ താപനിലയില്‍ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപ നില മഹാരാഷ്ട്രയിലുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില കണ്ണൂർ ജില്ലയില്‍ അടയാളപ്പെടുത്തിയിരുന്നു. അതിനു ശേഷം വേനല്‍മഴയെ തുടർന്ന് ചൂടിന് നേരിയ ശമനം ഉണ്ടായി.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതി കഠിനമായ ചൂടാണ് ഉണ്ടായത്. പുറത്തിറങ്ങിയവർ ചൂട് കാരണം വെന്തുരുകി. ഇന്നലെ ജില്ലയില്‍ 37 ഡിഗ്രി വരെ താപനില അനുഭവപ്പെട്ടതായാണ് കണക്ക്. അറുപത് മുതല്‍ എഴുപത് ശതമാനം വരെയാണ് ഹ്യുമിഡിറ്റി ഇത് ചൂടിന്റെ കാഠിന്യം കൂട്ടാനും പുഴുങ്ങല്‍ അനുഭവപ്പെടാനും കാരണമായി. എന്നാല്‍ അള്‍ട്രാ വയലറ്റ് ഇൻഡക്സില്‍ രശ്മിയുടെ കാഠിന്യം ജില്ലയില്‍ അഞ്ചാണ് രേഖപ്പെടുത്തിയത് എന്നത് ആശ്വാസകരമായി.
Post a Comment