മൃതദേഹങ്ങള്‍ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂര്‍ പയ്യാമ്ബലത്ത് സംസ്ക്കാരം തടസപ്പെട്ടു

പയ്യാമ്ബലം:മൃതദേഹങ്ങള്‍ ദഹിപ്പിക്കാൻ വിറകില്ലാത്തതിനാല്‍ പയ്യാമ്ബലം ശ്മശാനത്തില്‍ വീണ്ടും സംസ്കാരം മുടങ്ങി.
തോട്ടടയില്‍ നിന്ന് സംസ്ക്കരിക്കാൻ കൊണ്ടുവന്ന മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ഒരു മണിക്കൂർ ശ്മശാനത്തില്‍ കാത്തിരിക്കേണ്ടിവന്നു. മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന കോർപ്പറേഷൻ നടപടിയില്‍ പ്രതിഷേധം കനത്തതോടെ പകല്‍ 12 ന് കോർപ്പറേഷൻ അധികൃതർ ഒരു മൃതദേഹം മാത്രം ദഹിപ്പിക്കാനുള്ള വിറകെത്തിച്ചു.ഇതിന് ശേഷം 12. 15 നാണ് സംസ്ക്കാരം നടന്നത്. വിറകെത്തിക്കുന്നതുവരെ ഒരു മണിക്കൂറോളം മൃതശരീരം ആംബുലൻസില്‍ കിടത്തി ചുട്ടുപൊള്ളുന്ന വെയിലില്‍ ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നു.

സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ സ്ഥലത്തെത്തി കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പനുമായി ചർച്ച നടത്തി. ഇതിന് പിന്നാലെ താല്‍ക്കാലിക ആവശ്യത്തിനുള്ള വിറക് ശ്മശാനത്തിലേക്കെത്തിച്ചു. നാട്ടിലെവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് പയ്യാമ്ബലം ശ്മശാനത്തില്‍ നടന്നിട്ടുള്ളതെന്നും ഇത്രയും കെടുകാര്യസ്ഥത നിറഞ്ഞ കോർപ്പറേഷൻ രാജ്യത്ത് ഉണ്ടാവിലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. മൃതശരീരത്തോട് അനാദരവ് കാണിക്കുകയാണ് കോർപ്പറേഷൻ. മൃതദേഹം സംസ്ക്കാരിക്കാനാവാതെ ബന്ധുക്കള്‍ക്ക് മണിക്കുറുകള്‍ കാത്തിരിക്കേണ്ടിവന്നു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും വിഷയം തദ്ദേശസ്വയം ഭരണം വകുപ്പ് മന്ത്രി എം ബി രാജേഷുമായി സംസാരിച്ചിട്ടുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.

പയ്യാമ്ബലത്ത് വിറകും ചിരട്ടയും വിതരണത്തിന് ടെൻഡർ നല്‍കുകയാണ് പതിവ്. മാർച്ച്‌ 12 ന് കാലവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയ്യാറായില്ല. നേരത്തെ കരാറെടുത്ത ആളിന് കുടിശിക ബാക്കിയുണ്ട്. പ്രതിഷേധം കനത്തതോടെ കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശം അനുസരിച്ച്‌ പഴയ കരാറുകാരനാണ് വിറക് ഇറക്കി നല്‍കിയത്.

Post a Comment

Previous Post Next Post