നാട്ടുകാര്‍ക്കായി കൃഷിയിടത്തിലൂടെ റോഡ്‌ നിര്‍മിച്ചു നല്‍കി നാരായണവാര്യര്‍

ശ്രീകണ്‌ഠാപുരം: നാട്ടുകാരുടെ യാത്രാക്ലേശം കണ്ട്‌ മനംമടുത്ത മലപ്പട്ടം പഞ്ചായത്തിലെ അഡൂരിലെ കെ.എന്‍.വി. വാര്യര്‍ ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച്‌ സ്വന്തം കൃഷിയിടത്തിലൂടെ റോഡ്‌ നിര്‍മിച്ചുനല്‍കി നാടിന്‌ മാതൃകയായി.
ഓണപ്പറമ്ബ്‌ ഹദ്ദാദ്‌ പള്ളി റോഡില്‍ നിന്നും തൈക്കടവിലേക്കുള്ള 125 മീറ്റര്‍ റോഡ്‌ 4 മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിന്‌ യോജിച്ച വിധത്തിലാണ്‌ റോഡ്‌ നിര്‍മിച്ച്‌ നാടിന്‌ സമര്‍പ്പിച്ചത്‌.
ഇതോടെ ചുറ്റിവളഞ്ഞ്‌ ടാര്‍ റോഡിലെത്തേണ്ടിയിരുന്ന യാത്രകാര്‍ക്ക്‌ ചുരുങ്ങിയ സമയം കൊണ്ട്‌ പള്ളിയിലും തൈക്കടവിലും എത്തിചേരാന്‍ കഴിയും. സ്വന്തക്കാര്‍ക്ക്‌ നടവഴിക്കു പോലും സ്‌ഥലം വിട്ടുകൊടുക്കാന്‍ മടിക്കുന്നതോടൊപ്പം അടിപിടിയിലും കത്തിക്കുത്തിലും കലാശിക്കുന്ന കാലഘട്ടത്തിലാണ്‌ 25 സെന്റ്‌ സ്‌ഥലം വിട്ടു നല്‍കി സ്വന്തം ചിലവില്‍ റോഡ്‌ നിര്‍മിച്ച്‌ നാരായണ വാര്യര്‍ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിച്ചത്‌. ഓണപ്പറമ്ബ്‌കാര്‍ക്ക്‌ എളുപ്പത്തില്‍ ചെങ്ങളായി പാലത്തിലേക്കും ശ്രീകണ്‌ഠാപുരത്തേക്കും എത്താന്‍ പുതിയ റോഡ്‌ ഏറെ സഹായകമാണ്‌. നാട്ടിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്‌ സര്‍ക്കാര്‍ സഹായത്തിന്‌ കാത്തു നില്‍ക്കാതെ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കവാനുള്ള സന്മനസ്സ്‌ ജനങ്ങള്‍ക്കുണ്ടായാല്‍ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകുമെന്ന്‌ നാരായണ വാര്യര്‍ മംഗളത്തോടു പറഞ്ഞു. തൈക്കടവ്‌ റോഡിന്റെ ആദ്യകാല നിര്‍മാണപ്രവര്‍ത്തിയിലും നാരായണവാര്യരുടെ സേവനം ശ്രദ്ധേയമായിരുന്നു.

Post a Comment

Previous Post Next Post