തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘർഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂള്‍ കോംപൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നല്‍കി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓണ്‍ലൈൻ യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരി പദാർത്ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
8-ാം ക്ലാസിലെ വിഷയ മിനിമം മാർക്ക് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, സർക്കാർ പുതുക്കിയ മൂല്യനിർണ്ണയ രീതിക്ക് അംഗീകാരം നല്‍കി. വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും അടുത്ത ക്ലാസിലേക്ക് അവരെ സ്ഥാനക്കയറ്റം നല്‍കുന്നതിനും അവധിക്കാലത്ത് പിന്തുണാ സംവിധാനങ്ങള്‍ നല്‍കും. 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രില്‍ രണ്ടാം വാരത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പുറമെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡയറ്റ് പ്രിൻസിപ്പല്‍മാർ, എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഡി പി സി മാർ, കൈറ്റ് കോഡിനേറ്റർമാർ, ജില്ലാ വിദ്യാകരണം കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment