തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകള്‍ ഇരിപ്പിടം,
പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്ന തൊഴില്‍ വകുപ്പ് സർക്കുലറിലെ നിർദേശങ്ങള്‍ തൊഴിലുടമകള്‍ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴില്‍ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.
നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴില്‍ വകുപ്പ് സർക്കുലർ ഇറക്കിയത്.
Post a Comment