വിദ്യാര്‍ഥികളെ അധ്യാപകര്‍ ശിക്ഷിക്കുന്നതില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി:  വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നല്‍കുന്ന ചെറിയ ശിക്ഷകളില്‍ പോലും അവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച്‌ ഹൈക്കോടതി.

ആറാം ക്ലാസ് വിദ്യാർഥിയായ മകനെ അധ്യാപകൻ വടികൊണ്ട് തല്ലിയതിന് പിതാവ് നല്‍കിയ ഹരജിയില്‍ വിഴിഞ്ഞം പൊലീസെടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുൻകൂർ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്‌ഥൻ അധ്യാപകന് നോട്ടിസ് നല്‍കി പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്ബുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്‌റ്റ്‌ ചെയ്യാൻ പാടില്ലെന്നും ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ വ്യക്‌തമാക്കി.
ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച്‌ എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി.
നല്ലത് കരുതി എന്തെങ്കിലും ചെയ്‌താലും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരും എന്നാണ് അവർ ഭയപ്പെടുന്നത്. മുൻപ് അധ്യാപകര്‍ ഏർപ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാർഥികളുടെ ഭാവി മികച്ച രീതിയില്‍ ഉണ്ടാക്കിയെടുക്കാൻ ഉപകരിച്ചിരുന്നു.

Post a Comment

Previous Post Next Post