ചെറുപുഴ: കവുങ്ങ് കയറി കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്നയാളെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ കക്കോട്ട് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കക്കോട്ടെ എം. സുരേഷി(45)നെയാണ് പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
യന്ത്രം ഉപയോഗിച്ച് അടയ്ക്കപറിക്കാൻ കവുങ്ങിൽ കയറിയതായിരുന്നു സുരേഷ്. യന്ത്രം തകരാറിലാകുകയും സുരേഷ് കവുങ്ങിൽനിന്ന് തലകീഴായി മറിഞ്ഞ് തൂങ്ങിക്കിടക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തുണികൊണ്ട് സുരേഷിനെ കമുകിൽ കെട്ടിനിർത്തിയശേഷം വിവരം സേനയെ അറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ അരമണിക്കൂറോളം പരിശ്രമിച്ചാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ. സുനിൽകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ.എം. രാജേഷ്, പി.പി. ലതേഷ്, എം. ജയേഷ്കുമാർ, വി.വി. വിനീഷ്, എം.കെ. അരുൺ, എസ്. അനുരാഗ്, പി.ആർ. ശ്രീനാഥ്, ഹോം ഗാർഡുമാരായ കെ.വി. ഗോവിന്ദൻ, വി.എൻ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post a Comment