ട്രെയിൻ യാത്രകള്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തില്‍ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കും. പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നിയാല്‍ നേരെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ജനറല്‍ ടിക്കറ്റ് എടുത്തുള്ള യാത്ര പലരുടേയും പതിവ് രീതിയാണ്.
ദിവസേന നിരവധി ആളുകളാണ് ഇങ്ങനെ ജനറല്‍ ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര നടത്തുന്നത്. എന്നാല്‍, ഈ വിഭാഗം യാത്രക്കാരെ സങ്കടത്തിലാക്കുന്ന വാർത്തയാണ് ഇപ്പോള്‍ ഇന്ത്യൻ റെയില്‍വേ പുറത്തു വിട്ടിരിക്കുന്നത്. ജനറല്‍ ടിക്കറ്റ് മാർഗനിർദേശങ്ങളിലാണ് റെയില്‍വേ മുഖ്യമായും ഇപ്പോള്‍
മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ജനറല്‍ ടിക്കറ്റുമായി ഏതെങ്കിലും ട്രെയിനിൻ്റെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന രീതി ഇനി നടക്കില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഇനി മുതല്‍ ജനറല്‍ ടിക്കറ്റുകള്‍ എടുത്താല്‍ കയറേണ്ട ട്രെയിനും ടിക്കറ്റുകളില്‍ രേഖപ്പെടുത്തി നല്‍കും. ആ ട്രെയിനില്‍ മാത്രമേ ഇനി ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് നിർദേശം. കൂടാതെ ജനറല്‍ ടിക്കറ്റുകള്‍ക്ക് സമയപരിധിയും ഉണ്ടായിരിക്കും. ജനറല്‍ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ആരംഭിച്ചിരിക്കണം. ഇല്ലെങ്കില്‍ ടിക്കറ്റ് അസാധുവാകുമെന്ന് ആണ് നിയമത്തില്‍ പറയുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ, നിങ്ങള്‍ യാത്ര ചെയ്യേണ്ട ട്രെയിനില്‍ യാത്ര ചെയ്തില്ലെങ്കില്‍ ടിക്കറ്റ് അസാധുവാകും.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനകളും ആരംഭിക്കും. അടുത്തിടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നീക്കം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും മെച്ചപ്പെട്ട യാത്രാ സൗകര്യവും ലക്ഷ്യമിട്ടാണ് ജനറല്‍ ടിക്കറ്റ് മാർഗനിർദേശങ്ങളില്‍ റെയില്‍വേ സമഗ്രമായ അഴിച്ചുപണി നടത്തിയിരിക്കുന്നതെന്നാണ് സൂചന.
Post a Comment