അഞ്ചുപേരുടെയും മരണവിവരം അറിയിച്ചു, മരണകാരണം പറഞ്ഞില്ല; ഷെമി അന്വേഷിച്ചത് അഫാനെ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ബന്ധുക്കളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി ആശുപ്രതിയില്‍ക്കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ചു.

എന്നാല്‍ മൂത്തമകൻ അഫാനാണ് എല്ലാവരെയും കൊലപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. ഇളയ മകൻ അഫ്സാനടക്കം വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് പോലീസിന്റെ നിർദേശപ്രകാരം ഡോക്ടർ അറിയിച്ചത്. സംഭവം കേട്ടയുടൻ മൂത്തമകൻ അഫാനെ കാണണമെന്നായിരുന്നു ഷെമി പ്രതികരിച്ചത്.
കേസിലെ പ്രതിയായ മകൻ അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മാതാവ് ഷെമി. പരിശോധിക്കുന്ന ഡോക്ടറും ബന്ധുക്കളും ചേർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഷെമിയെ ഇക്കാര്യം അറിയിച്ചത്. ഇളയ മകൻ അഫ്സാൻ, അഫാന്റെ പെണ്‍സുഹൃത്ത് ഫർസാന, ഭർത്താവ് റഹീമിന്റെ മാതാവ് സല്‍മാ ബീവി, റഹീമിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാജിത ബീവി എന്നിവരാണ് മരിച്ചതായി അറിയിച്ചത്.
വിവരം അറിഞ്ഞയുടൻ മൂത്തമകൻ അഫാൻ ജീവിച്ചിരിപ്പുണ്ടോ എന്നും കാണണമെന്നും ഷെമി പറഞ്ഞു. ഷെമിയുടെ അസുഖം ഭേദമായി ഇറങ്ങിയാല്‍ ഉടൻ കാണിക്കാമെന്നു പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. മൂന്നുദിവസത്തിനകം ആശുപത്രി വിട്ടേക്കാമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.ആശുപത്രി വിട്ടശേഷം കൂട്ടക്കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ ധരിപ്പിച്ചശേഷം വെഞ്ഞാറമൂട് സി.ഐ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ ഷെമിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Post a Comment

Previous Post Next Post