10 രൂപ നാണയം വിനിമയത്തിന് വിസമ്മതിച്ചാല്‍ ഇനി പണി കിട്ടും


ബംഗളൂരു: 10 രൂപ നാണയങ്ങള്‍ സ്വീകരിക്കാത്ത കർണാടകയിലെ വ്യാപാരികള്‍ക്ക് ഇനി പണി കിട്ടും. എല്ലാതരം 10 രൂപ നാണയങ്ങളും സ്വീകരിക്കണമെന്ന് തിങ്കളാഴ്ച ആർ.‌ബി.‌ഐ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും അവ നിരസിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
കർണാടകയില്‍ പെട്ടിക്കടകള്‍ മുതല്‍ വൻകിട സ്ഥാപനങ്ങള്‍ വരെ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നതാണ് അവസ്ഥ. മലയാളി ഉപഭോക്താക്കളുമായി ഈ നാണയ വിനിമയം നടത്തുകയും കൂടുതലാവുമ്ബോള്‍ നാട്ടില്‍ കൊണ്ടുപോവുകയുമാണ് ചെയ്യാറുള്ളതെന്ന് ബംഗളൂരുവില്‍ സൗഭാഗ്യ മെസ് നടത്തുന്ന കണ്ണൂർ സ്വദേശി പ്രമോദ് 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാറും ആർ‌.ബി‌.ഐയും പുറത്തിറക്കുന്ന എല്ലാ 10 രൂപ നാണയങ്ങളും സാധുതയുള്ള നിയമപരമായ ടെൻഡറായി തുടരുമെന്നും ഇടപാടുകള്‍ക്ക് അവ സ്വീകരിക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌.ബി‌.ഐ) വ്യക്തമാക്കി.
ഇതുവരെ 14 വ്യത്യസ്ത 10 രൂപ നാണയ ഡിസൈനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വ്യാപകമായ തെറ്റായ വിവരങ്ങള്‍ക്ക് കാരണമായി. രൂപ ചിഹ്നമുള്ള നാണയങ്ങള്‍ മാത്രമാണ് യഥാർഥമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റു ചിലർ 10 വരമ്ബുകളുള്ള നാണയങ്ങള്‍ സാധുവാണെന്നും 15 വരമ്ബുകളുള്ളവ വ്യാജമാണെന്നും അവകാശപ്പെടുന്നു. ഈ മിഥ്യാധാരണകളെ പൊളിച്ചെഴുതിയാണ് ഇന്ത്യൻ സർക്കാർ പുറത്തിറക്കുന്ന എല്ലാ 10 രൂപ നാണയങ്ങളും നിയമപരമായി സാധുതയുള്ളതാണെന്നും നിയമസാധുതയുടെ കാര്യത്തില്‍ അവ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ആർ‌.ബി‌.ഐ സ്ഥിരീകരിച്ചത്. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ആർ‌.ബി‌.ഐ നിരവധി വിശദീകരണങ്ങള്‍ നല്‍കുകയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബോധവത്കരണ കാമ്ബയിൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാതരം 10 രൂപ നാണയങ്ങളും സ്വീകരിക്കണമെന്ന് ആർ‌.ബി‌.ഐ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. അവ നിരസിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Post a Comment

Previous Post Next Post