ദുരൂഹസമാധി കല്ലറ തുറന്നു; കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിൽ ഗോപൻസ്വാമിയുടെ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ 'സമാധി'യിടം തുറന്നു. വിവാദകല്ലറയ്ക്കുള്ളിൽ ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിലാണ് ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം ഹൈക്കോടതിയിൽനിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ സമാധിയിടം തുറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ സമാധിയിടം നിലനിൽക്കുന്നസ്ഥലം പോലീസ് കാവലിലാണ്. ഇവിടേക്ക് പോലീസിനും ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനമുള്ളൂ. സമാധിയിടം മറച്ചിട്ടുമുണ്ട്. രാവിലെ ഏഴുമണിയോടെ സബ് കളക്ടർ ആൽഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആളുകൾ സ്ഥലത്ത് വരുന്നതിനും പോലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്മോർട്ടവും നടക്കും. സമാധിയിടം പൊളിക്കുന്നതിനെതിരേ കുടുംബം നൽകിയ റിട്ട് ഹർജിയിൽ ബുധനാഴ്ച ഹൈക്കോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടായിരുന്നില്ല. 
കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂർ കാവുവിളാകത്ത് സിദ്ധൻ ഭവനിൽ ഗോപൻ സ്വാമി എന്നു നാട്ടുകാർ വിളിക്കുന്ന മണിയൻ സമാധിയായെന്ന് വീട്ടുകാർ പോസ്റ്റർ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ച വലിയതോതിൽ പ്രതിഷേധമുയരില്ലെന്നാണ് പോലീസ് കരുതുന്നത്. ശക്തമായ പോലീസ് കാവൽ കാവുവിളാകത്തുണ്ട്. വീട്ടുകാരെ പോലീസിന്റെ സുരക്ഷാ കസ്റ്റഡിയിലുമാക്കും. 
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം മണിയന്റെ ഭാര്യ സുലോചനയും മകൻ രാജസേനനുമുണ്ട്. പോലീസ് ഇവർക്ക് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലും കോൺക്രീറ്റ് അറയ്ക്കു സമീപവും പോലീസ് കാവലുണ്ട്.

Post a Comment

Previous Post Next Post