കരുവൻചാൽ : പുലിപ്പേടിക്കിടയിൽ കാട്ടുപൂച്ച പുലിയായും പുലിക്കുഞ്ഞായും മാറി. വാഹനമിടിച്ച് ചത്തപ്പോഴാണ് അജ്ഞാത ജീവി കാട്ടുപൂച്ചയാണെന്ന് വനം വകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞദിവസം താവുന്ന് താഴത്തങ്ങാടിയിൽ കണ്ട കാൽപ്പാടുകൾ പുലിയുടേതാണെന്നമട്ടിൽ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ ആളുകൾ ഭയത്തിലായി. ചിലർ വ്യാപകമായി പുലിഭീതി പരത്തുകയുംചെയ്തു.
ഇതിനിടെ വ്യാഴാഴ്ച രാത്രി മലയോര ഹൈവേയിൽ 'ജീവി' വാഹനം തട്ടി ചത്തു. രാവിലെ ഇതുവഴിവന്ന യാത്രക്കാരാണ് കണ്ടത്. വനം വകുപ്പ് അധികൃതരും ആലക്കോട് പോലീസും സ്ഥലത്തെത്തി പരിശോധിച്ചു. കാട്ടുപൂച്ചയാണെന്ന നിഗമനത്തിലെത്തിച്ചേരുകയും ശരീരം പുലിക്കുരുമ്പ മൃഗാസ്പത്രിയിലേക്ക് മാറ്റുകയുംചെയ്തു. എന്നാൽ കാട്ടുപൂച്ചയല്ല പുലിക്കുഞ്ഞാണെന്നും തള്ളപ്പുലി വേറെയുണ്ടെന്നുമായി പ്രചാരകർ. വെറ്ററിനറി സർജൻ ഡോ. മനു ശേഖറിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ചത്തത് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ഒരു പ്രദേശത്തെ ബാധിച്ച പുലിഭീതി അകന്നത്.
Post a Comment