കാഞ്ഞങ്ങാട് ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍, പ്രതിഷേധവുമായി സഹപാഠികള്‍



കാസര്‍ഗോഡ് : കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് സഹപാഠികളുടെ പ്രതിഷേധം.

മൂന്നാം വര്‍ഷം പഠിക്കുന്ന പാണത്തൂര്‍ സ്വദേശിനി ചൈതന്യ (20) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.


ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്ന് മറ്റ് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. വാര്‍ഡന്റെ മാനസിക പീഡനമാണ് കാരണമെന്നും വാര്‍ഡനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ നടന്ന പ്രതിഷേധം, കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പില്‍ അവസാനിപ്പിച്ചു.തിങ്കളാഴ്ച ഹോസ്റ്റല്‍ മാനേജമെന്റും വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച നടക്കും.


ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ വെളിപ്പെടുത്തി.വാര്‍ഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് . ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

Post a Comment

Previous Post Next Post