തിരിമറി കണ്ടെത്തിയത് മലയാളികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ബ്രാന്‍ഡില്‍, അവസാനം ഉപ്പിലും മായം

 


ആലപ്പുഴ: അടുക്കളയില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളിലും ഇന്ന് അടിമുടി മായമാണ്. ഇത് കഴിഞ്ഞ കുറച്ച്‌ കാലമായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

നിരവധി പ്രമുഖ കമ്ബനികളുടെ മുളക്‌പൊടിയിലും മറ്റ് നിരവധി ഉത്പന്നങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മായം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി. എന്നിട്ടും മായം ചേര്‍ക്കല്‍ പ്രക്രിയ യഥേഷ്ടം തുടരുകയാണ്. ഹോട്ടല്‍ ഭക്ഷണത്തിലും ഇത്തരത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ വസ്തുക്കള്‍ വില്‍ക്കുന്നതും സ്ഥിരം സംഭവമാണ്.


പരിശോധനകള്‍ മുറപോലെ നടക്കുന്നുണ്ടെങ്കിലും ക്രമക്കേടുകള്‍ക്ക് ഒരു കുറവും ഇല്ലെന്നതാണ് വാസ്തവം. കഴിക്കുന്ന ഭക്ഷണത്തിലെ മായവും തിരിമറിയും കോടതികള്‍ പോലും ഇടപെട്ടിട്ടും കുറയുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന സത്യം. അടുക്കളയിലെ പല വസ്തുക്കളിലും മായം എന്നത് സാധാരണ സംഭവമായിരുന്നപ്പോഴും തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നവ ഇത്തരം ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വിവരം അനുസരിച്ച്‌ കറിക്ക് ഉപയോഗിക്കുന്ന ഉപ്പില്‍ വരെ ക്രമക്കേട് കണ്ടെത്തി.


ആലപ്പുഴ ജില്ലയില്‍ നിലവാരമില്ലാത്ത ഉപ്പ് വില്‍പ്പന നടത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് ആര്‍ഡിഒ കോടതി. അമ്ബലപ്പുഴയിലെ ഒരു വ്യാപാര കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച ഉപ്പിലാണ് മായം കണ്ടെത്തിയത്. അമ്ബലപ്പുഴ സര്‍ക്കിളില്‍നിന്നു ശേഖരിച്ച, മലയാളികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സ്പ്രിങ്ക്ള്‍ ബ്രാന്‍ഡ് ഉപ്പ് സാംപിളിലാണ് നിലവാരമില്ലെന്നു കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിലവാരനിയമം അനുസരിച്ച്‌ നിര്‍ദിഷ്ട നിലവാരമില്ലാതിരുന്നതിനാല്‍ ഉപ്പുനിര്‍മാതാക്കളായ തൂത്തുക്കുടി സഹായമാതാ സാള്‍ട്ടേണ്‍ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയിട്ടു.


ഈ ഉപ്പ് വിതരണംചെയ്ത ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്സിന് 25,000 രൂപ പിഴയും വിറ്റതിന് അമ്ബലപ്പുഴ ഫ്രണ്ട്‌സ് ട്രേഡിംഗ് കമ്ബനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആര്‍.ഡി.ഒ. കോടതി ഉത്തരവിട്ടതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ വൈ.ജെ. സുബിമോള്‍ പറഞ്ഞു. അമ്ബലപ്പുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം. മീരാദേവി എടുത്ത സാംപിളിലാണ് ക്രമക്കേട് കണ്ടെത്തിയതും പിന്നീട് നടപടി സ്വീകരിച്ചതും.

Post a Comment

Previous Post Next Post