സിനിമാസ്വാദകർ പ്രത്യേകിച്ച് തെന്നിന്ത്യക്കാർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 .
‘പുഷ്പ: ദ റൂള്‍’ എന്നാണ് രണ്ടാം ഭാഗത്തിന് പേര്. ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുമെങ്കിലും മറ്റ് അപ്‌ഡേറ്റുകളും അറിയാൻ ഏവരും ആകാംഷ പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നിട്ടുണ്ട്.
നെറ്റ്ഫ്ലിക്സാണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത തുകയ്‌ക്കാണ് പുഷ്പ 2ന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകള്‍. 270 കോടി രൂപയ്‌ക്കാണ് പുഷപ 2 നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതു പോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ എത്തിച്ചുകൊണ്ട് അവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മൂന്നു വര്‍ഷത്തോളം ഇടവേളയ്‌ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-ലുള്ള പ്രതീക്ഷ വാനോളമാണ്.
ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
Post a Comment